Thursday 11 December 2014

കവലകള്‍ക്ക്
വഴി പിരിയലുകളുടെ 
അമ്പരപ്പാണ്

Wednesday 12 November 2014

രാവില്‍ കൊഴിഞ്ഞ 
സ്വപ്നങ്ങളാണ് പൂക്കളായി 
രാജപാത തീര്‍ത്തത്

Friday 7 November 2014

മലയിറങ്ങിയ
കോടമഞ്ഞില്‍ പാട കെട്ടിയ
നിലാവ് 

Thursday 6 November 2014

കയ്യകലത്തിലെങ്കിലും
നമുക്കിടയില്‍ നക്ഷത്രദൂരമെന്നു
പൂവ് ശലഭത്തോട്

Thursday 30 October 2014

മടി പിടിച്ച മരങ്ങളെ
കിക്കിളി കൂട്ടി കടന്നു പോകുന്നു-
ണ്ടൊരു കുളിര്‍ക്കാറ്റ്

Tuesday 21 October 2014

പടര്‍ന്ന പച്ചപ്പില്‍
ഇല പൊഴിഞ്ഞൊരൊറ്റ മരം
ചിതലരിച്ച ചിന്തകള്‍

Tuesday 14 October 2014

മനസ്സിലിറങ്ങിയ മഞ്ഞിന്
ഓര്‍മ്മകളുടെ മരണത്തിന്റെ
തണുപ്പ് 

Thursday 9 October 2014

ഊതിയണച്ചീടാം,
ദീപനാളമെന്നാല്‍ അണയുകി-
ല്ലതിന്‍ വെളിച്ചമുള്ളില്‍

Sunday 5 October 2014

മുഖമിരുളുന്നുണ്ട്,
ഇടിനാദമൊന്നുള്ളില്‍ കുറുകുന്നുണ്ട്, എന്നിട്ടും
പെയ്യുന്നില്ലീ കണ്ണീര്‍മേഘങ്ങള്‍ 

Wednesday 27 August 2014

ചിറകു വിരിയാതെ 
കൊക്കൂണിനകത്തെ ശലഭം പോലൊരു 
സൗഹൃദം, മനസ്സിലൊരു വിങ്ങല്‍

Thursday 17 July 2014

നീലമേഘങ്ങള്‍,
മലമുകളില്‍ ഉറയൂരിയാണ്
വെണ്‍മേഘങ്ങളായത്

Tuesday 1 July 2014


മണമുള്ളൊരുമ്മയും
ഇതള്‍ വിടര്‍ന്ന ചിരിയുമായൊരു ചെമ്പകപ്പൂ
ജാലകത്തിനപ്പുറത്ത്

Monday 23 June 2014


വെയിലുദിച്ചെന്നിട്ടും,
കാറ്റില്‍, ലാസ്യനൃത്തമാടുന്നു,
മഴയൊന്നെന്നില്‍

Friday 13 June 2014


വാക്കുകളാണ്
രൂപം വരയ്ക്കുന്നത്,
കാഴ്ചയല്ല

Tuesday 10 June 2014


മൌനം കരുത്താണ്,
വാക്കുകള്‍ നിറയുമ്പോഴും
ഒഴിയുമ്പോഴും

Saturday 7 June 2014


മഴയുണ്ട് മുന്നില്‍,
ഉണര്‍വ്വിന്റെ ഊഷ്മളത-
യിലേയ്ക്കാണ് യാത്ര

Tuesday 27 May 2014


പറന്നിറങ്ങിയ
മിന്നാമിനുങ്ങുനക്ഷത്രങ്ങള്‍
അകമൊരാകാശം പോല്‍

Thursday 8 May 2014


രണ്ടു യാത്രകള്‍ക്കിടയിലെ
ഇടവേളയിലാണ് ഓര്‍മ്മകളുടെ
നിലാപ്പെയ്ത്ത്

Friday 2 May 2014


തിളയ്ക്കുന്ന വെയില്‍,
മണ്ണൂര്‍ന്ന വേരില്‍ വിറയ്ക്കും വയസ്സന്‍
മരത്തിനു കീഴിലും തണല്‍

Sunday 27 April 2014


കവര്‍ന്നെടുത്താലും
സുഗന്ധം സ്വഭാവമാവില്ലെന്ന്
പൂവ്, കാറ്റിനോട്

Thursday 24 April 2014


വരച്ചിട്ടവയല്ല,
വരയുകയാണ് പാതരേഖകള്‍,
വഴിവിളക്കുകള്‍

Wednesday 16 April 2014

മരീചികകള്‍
ഗ്രീഷ്മപ്പനിയില്‍ പൊള്ളുന്ന
പാതയറ്റങ്ങളില്‍

Tuesday 15 April 2014

കണിയൊരുക്കി, കണ്ടു
കണ്ണിലെല്ലാം, കണ്ടതി-
ല്ലെന്‍ മനസ്സിലൊന്നും

Wednesday 9 April 2014

തണുപ്പിക്കുന്നുണ്ട്,
മഴയോട് തെറ്റി വന്ന 
കുളിര്‍ക്കാറ്റ്

Sunday 6 April 2014

കാഴ്ചകളെ പിന്നിലാക്കി ഞാന്‍ ഓടുമ്പോള്‍ 
മേഘങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും 
കൂടെയുണ്ട് ചെറുചിരികളുടെ നിലാവെട്ടം

Thursday 3 April 2014

ഊഞ്ഞാലാടുന്നുണ്ട്,
ഓര്‍മ്മപ്പൂമരത്തില്‍ ഒരു 
മാമ്പഴക്കാലം

Tuesday 1 April 2014

വേനലിന്റെ മധുരമൂറ്റി
വസന്തമാക്കുന്നുണ്ട് 
ഈന്തപ്പനക്കാടുകള്‍

Thursday 27 March 2014

ഒരു നല്ല മഴയിലാണ്
പ്രകൃതിയും മനസ്സും 
വെളുത്തുപോവുന്നത്

Monday 24 March 2014

സൌഹൃദങ്ങള്‍ അപ്പൂപ്പന്‍ താടികളാണ്
വേരുകള്‍ വേണ്ടാത്ത
സ്നേഹത്തിന്റെ വിത്ത് ചുമക്കുന്നവ

Saturday 22 March 2014

അടച്ചു വച്ച ഫ്ലാസ്കിലെ, 
ചായയുടെ അമര്‍ഷം 
രുചി കെട്ട സ്വാദ്...

Friday 21 March 2014

പടിഞ്ഞാറേ ഉമ്മറത്തിണ്ണയില്‍ 
നടന്നു കയറിയ നിഴല്‍ 
പഴമനസ്സിലെ ഘടികാരം

Thursday 20 March 2014

തുറന്നിട്ട വാതിലിനപ്പുറം , 
പറന്നുയരാന്‍ ഒരു ആകാശം 
എന്നിട്ടും എനിക്കൊരു നിഷ്കാസിതയുടെ മനസ്സ്

Tuesday 18 March 2014

മേഘമായ് പാറാം, കാറ്റില്‍ 
ഊയലാടാം, ഒന്ന്
മഴയായ് പെയ്യലാണ് കഠിനം

Saturday 15 March 2014

മോഹിച്ചു ഗര്‍ഭം ധരിച്ച
ഏകാന്തതയില്‍
അസ്വസ്ഥതയുടെ നിലവിളിക്കൂട്ടങ്ങള്‍ 

Thursday 13 March 2014

യാത്രയെന്നും മുന്നോട്ട്,
കണ്ടതെല്ലാം പിന്നോട്ട്,
വഴിയില്‍ കൊഴിയുന്ന സമയം

Wednesday 12 March 2014

മനസ്സ് ദാഹം തീര്‍ത്തത് 
മരീചികയില്‍
നിറവില്ലാത്ത വാക്കുകള്‍

Friday 7 March 2014

ഇന്ന്, മേഘങ്ങള്‍ മഞ്ഞായി തൊട്ടത്‌ 
മനസ്സിലാണ് 
അലിഞ്ഞു പോയത് വരച്ച രൂപങ്ങളും

Thursday 6 March 2014

മേഘങ്ങളില്‍ ഭാവം പകര്‍ന്നത് ഞാനാണ്,
ക്ഷണികം സുന്ദരം 
എന്നിട്ടുമെന്തേ അതെന്റെ സത്യമെന്ന് നീ ?!!!!

Wednesday 5 March 2014



പുല്‍നാമ്പിലെ മഴത്തുള്ളി,
മായക്കണ്ണാടി
തെളിയുന്ന കൈരേഖകള്‍

Saturday 22 February 2014

മഞ്ഞില്‍ ദിക്ക് തെറ്റിയ കാറ്റില്‍
ചേര്‍ത്തു വച്ച മുഖത്താകെ 
തണുപ്പിന്റെ സൂചി മുറിവുകള്‍


Friday 14 February 2014

ഇന്നലെ ...
കടല്‍ അരികിലെത്തിയ
അമ്പിളി വട്ടത്തിനായി
കൈനീട്ടി കരഞ്ഞ കുഞ്ഞ്


കടലിന്റെ മാറില്‍ പതഞ്ഞ്,
പനത്തലപ്പില്‍ ആഞ്ഞുലഞ്ഞ്,
ആര്‍ത്തലച്ചു പായുന്നുണ്ട്‌ പേക്കാറ്റ്

Tuesday 4 February 2014

രാത്രിയില്‍ കടല്‍ കരഞ്ഞത്,
ഇരുളുന്ന ഓരോ മൌനത്തിലും 
ഒരു കടലിരമ്പുന്നുണ്ടെന്നാണ്


സ്വപ്നം,
 വരണ്ട മണ്ണിലെ നനവ്‌,
 ഇരുണ്ട മനസ്സിലെ 
 വെളിച്ചത്തിന്റെ ഒരു കീറ്


Monday 3 February 2014

മഴ,
ജനാല ചില്ലിലെ വരകള്‍ ,
നിവര്‍ത്തിയ കുടയിലെ താളം,
എന്റെ മനസ്സിലെ നിറവ്


മേഘം നിറഞ്ഞ മാനം,
കറുത്ത കടല്‍,
ക്ഷുഭിത മനസ്സ്


Thursday 30 January 2014

എണ്ണയില്‍ ചാഞ്ഞ തിരി,
ഇരുളടഞ്ഞ്,
കെട്ടുപോയ സ്വപ്‌നങ്ങള്‍



Saturday 25 January 2014

മാനത്തു പാറുന്ന വെണ്‍മേഘത്തുണ്ട് 
എന്റെ മനമിന്നു 
ചിന്ത തന്‍ തടവറയിലെ കീറത്തുണ്ട്

Tuesday 21 January 2014

മഴയൊഴിഞ്ഞ മാനത്തൊരു 
പെയ്യാന്‍ മറന്ന മേഘം 
ഉള്ളിലൊരു സങ്കടക്കടല്‍



Thursday 16 January 2014

മഞ്ഞില്‍ മഴവില്ലാകും കിരണം പോലെ 
മഞ്ഞപ്പട്ടില്‍ മതിമറന്നലിയുന്ന വെണ്ണ പോലെ
മദിക്കുന്ന പ്രണയമായ് ഒഴുകുന്നു നീയെന്നില്‍